Sunday, August 10, 2014

സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് 

ഫലപ്രദമായ ഒരുകൂട്ടം പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നു തിരുവനന്തപുരം ജില്ലയില്‍ ബാലരാമപുരം ഉപജില്ലയുടെ മുത്ത് എന്ന ബ്ലോഗ്. 

സീപോക്സ് അത് പങ്കുവയ്ക്കുന്നു. 

Thursday, 7 August 2014

ദിനാഘോഷങ്ങള്‍

സ്വാതന്ത്യസ്മൃതി 2014

ആഗസ്റ്റ് 15 വീരസ്മരണ പുതുക്കി നാം ഒരിക്കല്‍ കൂടി നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ ഓര്‍മ്മ പുതുക്കല്‍ ദിനം ആഘോഷിക്കാന്‍ പോകുന്നു . പതിനായിരക്കണക്കിനു അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ രക്തസാക്ഷികളുടെ ത്യാഗം കൊണ്ട് നേടിയെടുത്തതാണ് നമ്മുടെ നാടിന്റെ സ്വാതന്ത്ര്യം ... അന്ന് നടന്ന ത്യാഗോജ്വലമായ പോരാട്ടങ്ങളുടെ വീര്യം കൂട്ടുകാരില്‍ പകരണമെങ്കില്‍ സ്വാതന്ത്യസമരചരിത്രത്തെകുറിച്ച് അന്വേഷിക്കാനും പഠിക്കാനും കഴിയുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ക്കായി നല്‍കണം . ഇത്തരത്തിലുള്ള ചില പ്രവര്‍ത്തനനങ്ങളാണ് മുത്തിലൂടെ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് . 
             മുത്ത്‌ മികവുകളുടെ സാക്ഷ്യം എന്നതിലുപരി അധ്യാപകരുടെയും കൂട്ടുകാരുടെയും പഠന ബോധനതന്ത്രങ്ങള്‍ക്കുള്ള ഒരു പ്രഭവകേന്ദ്രം കൂടിയാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട് . അത് ഫലപ്രദമാകണമെങ്കില്‍ വിവിധ പഠന തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും തടസ്സങ്ങളും ഞങ്ങളെ അറിയിക്കാനുള്ള മനസ്സ് കാണിക്കണം . ഒപ്പം മുത്തിലെ വിഭവങ്ങള്‍ പരമാവധി പേരിലേയ്ക്ക് എത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും വേണം . ഐ റ്റി അധിഷ്ട്ടിത പാഠങ്ങളും ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും വിജയപ്രദമായി നടപ്പിലാക്കാന്‍ കഴിയും എന്ന ബോധ്യപ്പെടലും ഇതിലൂടെ സാധ്യമാകും 
സ്വാതന്ത്ര്യസ്മൃതി പ്രവര്‍ത്തനങ്ങള്‍ 
1 . കണ്ടെത്തൂ..... പങ്കുവയ്ക്കൂ ......
എല്‍ പി വിഭാഗം 
 • ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ബ്രിട്ടീഷുകാരന്‍ ?
 • നേതാജി സുഭാഷ്ചന്ദ്രബോസ് സ്ഥാപിച്ച പ്രസ്ഥാനം ?
 • ബ്രിട്ടീഷ്‌ ഈസ്റ്റ്ഇന്ത്യാകമ്പനി ഇന്ത്യയില്‍ ശക്തമാകുന്നതിന് കാരണമായി 1757 ല്‍ നടന്ന യുദ്ധമേത് ? 
 • ആര്യസമാജം സ്ഥാപിച്ചത്‌ ആര് ?
 • ബംഗാള്‍ വിഭജനം നടന്ന വര്ഷം ? 
യു പി വിഭാഗം 
 • സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് വരെ ബ്രിട്ടീഷ്സാമ്രാജ്യത്തിലെ ഒരു പദവി ലഭിച്ച ഒരു രാജ്യമായിരുന്നു ഇന്ത്യ . ഏതായിരുന്നു ആ പദവി ? 
 • ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ സ്ഥാപിക്കുന്നതിന് സഹായകമായി 1813 ല്‍ബ്രിട്ടന്‍ നിര്‍മ്മിച്ച നിയമം ഏത് ?
 • "ആഹ്ലാദകരമായ തീര്‍ഥാടനം" എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു യാത്ര ബാപ്പുജി 1937ജനുവരി12 ന് നടത്തിയിരുന്നു ... എവിടെയ്ക്കായിരുന്നു ഈ യാത്ര ? യാത്രയുടെ ലക്‌ഷ്യം എന്തായിരുന്നു ? എവിടെയായിരുന്നു അദേഹംതാമസിച്ചിരുന്നത്‌ ?
 • 1867 ല്‍ ദാദാഭായി നവറോജി സ്ഥാപിച്ച സംഘടന ഏത് ?
 • സത്യാഗ്രഹ തത്വശാസ്ത്രം ഗാന്ധിജിയ്ക്ക് മുമ്പ് ആദ്യം പ്രയോഗത്തില്‍ വരുത്തിയ മഹാന്‍ ആര് ?
പ്രവര്‍ത്തനം 2
സ്വാതന്ത്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയുടെ സ്വാതന്ത്യത്തിനുവേണ്ടി അനേകം മുദ്രാഗീതങ്ങളാണ് സമരസേനാനികള്‍ ഉപയോഗിച്ചിരുന്നത് ... രാജ്യ സ്നേഹത്തിന്‍റെ പുത്തന്‍ അവകാശികളായ നാം ഇന്നു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സ്മൃതി ഘോഷയാത്രയില്‍ മുഴക്കാന്‍ കഴിയുന്ന ഒരു മുദ്രാഗീതം എഴുതി തയ്യാറാക്കൂ .... മുദ്രാഗീതം പുതുമയുള്ളത് ആയിരിക്കണം . കുറഞ്ഞത് നാല് വരിയെങ്കിലും ഉണ്ടായിരിക്കണം 
പ്രവര്‍ത്തനം 3
താഴെകൊടുത്തിരിക്കുന്ന ചിത്രത്തിനു അനുയോജ്യമായ അടിക്കുറിപ്പ്‌ തയ്യാറാക്കൂ ... അടിക്കുറിപ്പ്‌ സംഷിപ്തമായിരിക്കണം , കുറഞ്ഞ വാക്കുകളില്‍ നിര്‍മ്മിക്കണം പ്രവര്‍ത്തനം 4
മഹാത്മാഗാന്ധി നമ്മുടെ രാഷ്ട്രപിതാവാണ് . അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്യസമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമ്പോള്‍ തന്നെ ഇന്ത്യയുടെ ഭാവിയെക്കുറിച്ചും ചിന്തിച്ചിരുന്നു . ആ ചിന്തയില്‍ നിന്നും ഉടലെടുത്ത അദ്ദേഹത്തിന്റെ മഹത്വചനങ്ങള്‍ നമുക്ക് എന്നും മാര്‍ഗ്ഗദര്‍ശകങ്ങളായി നിലകൊള്ളുന്നു .... അങ്ങനെയുള്ള ഗാന്ധി വചനങ്ങളില്‍ നിങ്ങള്‍ക്ക്‌ ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരെണ്ണം കുറിക്കുക ... എന്തുകൊണ്ടാണ് ഇഷ്ട്ടപ്പെട്ടത്‌ എന്നും എഴുതാന്‍ മറക്കരുത് .....
പ്രവര്‍ത്തനം 5
യു  പി വിഭാഗം 
" സ്വാതന്ത്ര്യദിനം ഒരു അവധി ദിനം മാത്രമോ ...." താഴെ കൊടുത്തിരിക്കുന്ന ചില ചോദ്യങ്ങള്‍ കൂടി പരിഗണിച്ചു  ഈ വിഷയത്തെ കുറിച്ച് നിങ്ങളുടെ ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കുറിപ്പ് തയ്യാറാക്കൂ ...


 • സ്വാതന്ത്യ ദിനത്തെ ഇന്നത്തെ സമൂഹം എങ്ങനെയാണ് ഉള്‍കൊള്ളുന്നത് ?
 • പുതിയ തലമുറയിലെ അപചയങ്ങളും കാഴ്ചപ്പാടുകളും സ്വതന്ത്യദിനത്തോടുള്ള അവരുടെ സമീപനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോ ? 
 • മറ്റെല്ലാ ഒഴിവു ദിനങ്ങളെയും പോലെ ആഗസ്റ്റ് പതിനഞ്ചു കടന്നു പോവുകയാണോ ചെയ്യുന്നത് ?
 • ഈ ദിവസത്തെ സ്വരാജ്യ സ്നേഹവും ദേശാഭിമാനവും വളരത്തക്ക രീതിയില്‍ എങ്ങനെയെല്ലാം ആഘോഷിക്കാന്‍ നമുക്ക് കഴിയും ?
 • നിരന്തര പോരാട്ടത്തിലൂടെ നമുക്ക് സ്വാതന്ത്ര്യംനേടിത്തന്ന ധീര ദേശാഭിമാനികളുടെ വീര സ്മരണകള്‍ വീണ്ടും ഓര്‍മ്മിക്കുന്നതിനും അതില്‍ നിന്നും പ്രചോദനം ഉള്‍കൊള്ളുന്നത്തിനും സമൂഹത്തിലെ എത്രപേര്‍ക്ക് കഴിയുന്നുണ്ട് ?
എല്‍ പി വിഭാഗം 
അധ്യാപിക ഒരു കഥ പറയുന്നു ....
      മീനുവിനൊരു തത്തമ്മയെ കിട്ടി ... അതിനെ അവള്‍ വീട്ടില്‍ കൊണ്ട് വന്നു . ഒരു കൂട് വാങ്ങി അതിലിട്ടു . നിറയെ പാലും പഴവും നല്‍കി . പക്ഷെ തത്തമ്മയ്ക്ക് എപ്പോഴുംസങ്കടം തന്നെ ... ഒരു ദിവസം മീനു തത്തമ്മയോട് ചോദിച്ചു " നിനക്ക് ഞാന്‍ പാലും പഴവും തിനയും എല്ലാം തന്നു ... എന്നിട്ടും നിനക്ക് എന്തേ ഒരു ദു:ഖഭാവം ...." അപ്പോള്‍ തത്തമ്മ മീനുവിന്റെ കൈയ്യില്‍ എത്തുന്നതിനു മുമ്പ് അവള്‍ അനുഭവിച്ച സ്വാതന്ത്യത്തെ കുറിച്ച് കുറെ കാര്യങ്ങള്‍ മീനുവിനോട് പറഞ്ഞു ....
താന്‍ അനുഭവിച്ച സ്വാതന്ത്യത്തെ കുറിച്ച് എന്തൊക്കെ കാര്യങ്ങളായിരിക്കും മീനുവിനോട് തത്തമ്മ പറഞ്ഞിട്ടുണ്ടാവുക ...  ഒരു കുറിപ്പായി എഴുതൂ ... ( ചില സൂചനകള്‍ അധ്യാപിക നല്‍കണം )
പൊതു നിര്‍ദ്ദേശങ്ങള്‍ 
 • ഒന്നാമത്തെ പ്രവര്‍ത്തനത്തിലെ അഞ്ചു ചോദ്യങ്ങളും കുട്ടിയ്ക്ക് ബുക്കില്‍ എഴുതിഎടുക്കാന്‍ അവസരം ഒരുക്കണം . അവയുടെ ഉത്തരം അവര്‍ അന്വേഷിച്ചു കണ്ടെത്തി വരട്ടെ ...
 • രണ്ടു മുതല്‍ അഞ്ചു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ക്ലാസ്സില്‍ വച്ച് തന്നെ അധ്യാപികയുടെ സാന്നിധ്യത്തില്‍ നടത്തേണ്ടതാണ് .2,3,4 പ്രവര്‍ത്തനങ്ങള്‍ എല്‍ പി , യു പി വിഭാഗങ്ങള്‍ക്ക് പൊതുവായുള്ളതാണ് . 
 • മൂന്നാമത്തെ പ്രവര്‍ത്തനത്തില്‍ നല്‍കിയിരിക്കുന്നതില്‍ ഒരു ചിത്രം കാണിച്ചാല്‍ മതി ... ചിത്രം ലാപ്ടോപ്പ്, കമ്പ്യൂട്ടര്‍,എന്നിവ ഏതെങ്കിലും ഉപയോഗിച്ചു കാണിക്കണം  . ഇവയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ പത്രങ്ങളിലും മറ്റും വരുന്ന അനുയോജ്യമായ മറ്റൊരു ചിത്രമായാലും മതി 
 • മികച്ച പ്രകടനം നടത്തുന്ന കൂട്ടുകാര്‍ക്ക് സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ സമ്മാനങ്ങള്‍ നല്‍കണം . ഏറ്റവും മികച്ച സൃഷ്ട്ടികള്‍ എ ഇ ഓ ഓഫീസില്‍ എത്തിക്കണം . സബ്ജില്ലാ തലത്തില്‍ അര്‍ഹരായ കൂട്ടുകാര്‍ക്ക് സമ്മാനം നല്‍കുന്ന കാര്യം തീര്‍ച്ചയായും ആലോചിക്കുന്നതാണ് 
 • ഈ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പ്രതികരണങ്ങള്‍ കത്തായോ മെയിലായോ എന്നെ അറിയിക്കണം 
മറ്റു പ്രവര്‍ത്തനങ്ങള്‍ 
 • പതാക നിര്‍മ്മാണം 
 • സ്വാതന്ത്ര്യ ദിനപതിപ്പുകള്‍ , പത്രം , പോസ്റ്റര്‍ എന്നിവ ക്ലാസ്സ്‌ തലത്തില്‍ 
 • സ്വാതന്ത്ര്യസമരസേനാനിയുമായി അഭിമുഖം 
 • സ്വാതന്ത്യസ്മൃതി ഘോഷയാത്ര 
 • പ്രസംഗം, ക്വിസ് മത്സരങ്ങള്‍ 
 •  
      കൂട്ടുകാരില്‍ സര്‍ഗാത്മകതയും ദേശീയബോധവും ദേശസ്നേഹവും ഉണര്‍ത്താന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളാണ് ഇവയെന്ന് കരുതട്ടെ .... എല്ലാവര്ക്കും സ്വാതന്ത്യ ദിനാശംസകള്‍ നേരുന്നു ...
ഹൃഷികേശ് എ എസ്‌ 
ഉപജില്ല വിദ്യാഭ്യാസ ആഫീസര്‍ 
ബാലരാമപുരം
 

No comments:

Post a Comment